Wednesday, 15 January 2014

" വിദൂരമാം തീരത്ത് നിന്ന് എന്നെ ഓര്‍ക്കുന്ന പ്രിയ കൂട്ടുകാരാ ,
  മഴയുടെ മൃദു താളം പോലെ   , ചിലങ്കയുടെ നാദം പോലെ , നിന്നെ ഞാന്‍ ഓര്‍ക്കുന്നു ....
പെയ്യാന്‍ മറന്ന കാലവര്‍ഷം സമ്മാനിക്കുന്ന കൊടും വേനലിലെ കുഞ്ഞരുവിയെ പോലെ നിന്‍റെ സൗഹൃദം എന്നെ ആശ്വസിപ്പിക്കുന്നു .... ഒരുനാള്‍ , യാതെന്നും പറയാതെ എന്‍റെ സൌഹൃദ കൂട്ടില്‍ ചേക്കേറിയ നീ,
അന്ന് മുതല്‍ ഇന്നോളം എനിക്ക് പ്രിയപെട്ടവരില്‍ ഒന്നാമതാണ് .... നാളെ തുടരുമോ എന്നാ ഉറപ്പില്ലെന്നാലും , ജീവിതത്തില്‍ ഒരിക്കലും കണ്ടില്ലെന്നാലും ..... നിന്നോടുള്ള  സൗഹൃദം തുടരുക തന്നെ ചെയ്യും .....എന്നാലും എന്നെ സ്വപ്നങ്ങളാല്‍ നീ അലങ്കരിക്കരുത് ... നിന്‍റെ കൂട്ടുകാരിലെ പ്രിയമുള്ളവരില്‍ ഒരാള്‍ ഞാന്‍ ആയിരിക്കണമെന്ന് മാത്രം" .....
" മൌനം മുറ്റിയ വിഷാദത്തിന്റെ പകലില്‍ അവസാനമായ് ഞാന്‍ കണ്ടു ....നിറഞ്ഞ കണ്ണുകളോടെ നീ പിന്തിരിഞ്ഞു നടക്കുന്നത് .... കരയാന്‍ പോലും കഴിയാതെ എന്‍റെ വിതുമ്പുന്ന ഹൃദയത്തെ ആശ്വസിപ്പിക്കാന്‍ പോലും ആവാതെ ഞാന്‍....പൊട്ടിയ വളചില്ലുകള്‍ വാരിയെടുക്കവേ മുറിവ് പറ്റിയ വിരല്‍ തുമ്പിനാല്‍  ഞാനെന്‍റെ കണ്ണീര്‍  തുടയ്കാന്‍ ശ്രമിച്ചു ...അന്ന് ഉപേക്ഷിച്ചതാണ് ഞാന്‍ എന്‍റെ സ്വപ്നങ്ങളെ .... ഉത്തരം കിട്ടാത്ത കടംകഥ യാണ് ഇന്നുമെനിക്കെന്റെ  പ്രണയം .....  കിനാക്കള്‍ അടര്‍ന്നു വീണ വേദനയില്‍ നനഞ്ഞൊലിക്കുന്ന കൂട്ടില്‍ എന്‍റെ സ്നേഹം .... കാലങ്ങളുടെ കുത്തൊഴുക്കില്‍ നീ എന്നെ മറന്നിട്ടുണ്ടാവും .... ഞാനും എല്ലാം മറക്കാന്‍ ശ്രമിക്കുന്നു ..... നീ തന്ന മുറിവുകളില്‍ നിന്നും ഇന്നും ചോരതുള്ളികളുടെ ചാല് ഞാന്‍ അറിയുന്നു  വേദനകളുടെ വിങ്ങലുകള്‍ എനിക്ക് സ്നേഹത്തെ  കുറിച്ച് ഭയം മാത്രമേ സമ്മാനിക്കുന്നു ള്ളൂ "...........
"മനസ്സിലെന്നും ഓര്‍ത്തു വെച്ച മയില്‍‌പ്പീലി തുണ്ടുകളുടെ വര്‍ണം മങ്ങിത്തുടങ്ങി .... മഞ്ചാടി മുത്തുകള്‍ വാരി നടന്ന
 ദിനങ്ങളുടെ  കൌതുകവും ഇന്ന് അന്യമായി .... മറന്നു വച്ച നോട്ടു  ബുക്കിന്‍റെ ഉള്ളില്‍ നാളായി മടക്കിയ കടലാസ് തുണ്ട് ...അതിലെ അക്ഷരങ്ങള്‍ ഇന്നും ഓര്‍മയുണ്ട് ..... പ്രണയവും ഇഷ്ടവും തമ്മിലുള്ള അര്‍ത്ഥവ്യാപ്തി അന്ന് നിശ്ചയമില്ലായിരുന്നു .... പിന്നെടെപ്പോഴെല്ലമോ ഞാന്‍ തേടിയ ആ മുഖം കണ്ടെത്താനായില്ല .... പറയാതെ പോയോരിഷ്ടം നെരിപ്പോടായി നെഞ്ചില്‍ നീറുംമ്പോളും എല്ലാം മറക്കാന്‍ പഠിച്ചു . കാലം മായ്കാത്ത വടുക്കള്‍ ഒരു മനുഷ്യമനസ്സിലും  അവശേഷിക്കയില്ലല്ലോ ? ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ സൌഹൃദങ്ങളെ നഷ്ടമായി ... ബന്ധങ്ങളും ബന്ധനങ്ങളും ആഗ്രഹിക്കാത്ത എനിക്ക് നഷ്ടങ്ങളുടെ തീവ്രത അന്ന് അറിയില്ലായിരുന്നു ...... പ്രണയത്തിന്‍റെ നിഗൂഡമായ ആനന്ദം എനിക്ക് അന്യമല്ല ഇന്നും .... ഞാന്‍ പ്രണയിക്കുന്നു .... മഴയെ .... മഞ്ഞുതുള്ളിയെ ..... പൂക്കളെ ....പുല്‍ നാമ്പുകളെ ....അരുവികളെ ...അതിലെ കുഞ്ഞോളങ്ങളെ.........

Monday, 6 January 2014

സ്ത്രീസുരക്ഷയ്ക്ക് തോക്കുകളുമായി കേന്ദ്ര ആയുധ ഫാക്ടറി

ന്യൂഡല്‍ഹി: സുരക്ഷയ്ക്കായി വനിതകള്‍ക്ക് കൊണ്ടുനടക്കാവുന്ന തോക്കുകളുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. വകുപ്പിനുകീഴില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള ഫീല്‍ഡ് ഗണ്‍ ഫാക്ടറിയാണ് 'നിര്‍ഭീക്' എന്ന പദ്ധതിയില്‍ ഭാരം കുറഞ്ഞ 7.65 മി.മീ. റിവോള്‍വര്‍ വാങ്ങാന്‍ അവസരമൊരുക്കുന്നത്.

'വനിതാ സുരക്ഷാരംഗത്ത് ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ വിലപ്പെട്ട സംഭാവന' എന്ന വാചകവുമായി റിവോള്‍വര്‍ ബുക്കുചെയ്യാനുള്ള പരസ്യം ഞായറാഴ്ചയാണ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ ആയുധലൈസന്‍സ് ഉള്ളവര്‍ക്കാണ് തോക്ക് വാങ്ങാനാകുക. ടൈറ്റാനിയം ലോഹസങ്കരത്തിലുള്ള തോക്കിന് ലക്ഷം രൂപയോളം വില വരും. 700 ഗ്രാമാണ് ഭാരം. ആറ് റൗണ്ട് വെടിവെക്കാനുള്ള തിരയുണ്ടാകും. വാങ്ങുന്നവര്‍ തോക്ക് ലൈസന്‍സിന്റെ പകര്‍പ്പും ലൈസന്‍സ് നല്‍കിയ അധികാരികളുടെ എതിര്‍പ്പില്ലാ രേഖയും വാങ്ങണം. ഡിമാന്‍ഡ് ഡ്രാഫ്റ്റായി പണമടച്ചാല്‍ സാധനം വാങ്ങേണ്ട ദിവസം പിന്നീട് അറിയിക്കും.

കാണ്‍പുരിലെ ഫീല്‍ഡ് ഗണ്‍ ഫാക്ടറിയാണ് പരസ്യം ചെയ്തിരിക്കുന്നത്. നേരത്തേ മാര്‍ക്ക് -ത്രീ റിവോള്‍വര്‍ ബുക്കുചെയ്തവര്‍ക്ക് സ്ത്രീസുരക്ഷാ പദ്ധതിയായ 'നിര്‍ഭീകി'ലേക്ക് മാറാനുള്ള അവസരമുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. 
കെ.പി.ഉദയഭാനു അന്തരിച്ചു

തിരുവനന്തപുരം: അനശ്വര ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ അമൃത് പെയ്യിച്ച ഗായകന്‍ കെ.പി.ഉദയഭാനു (77) അന്തരിച്ചു.
തിരുവനന്തപുരം മ്യൂസിയം വളപ്പിനടുത്ത് ചോയിസ് ഹൈറ്റ്‌സ് അപ്പാര്‍ട്ടുമെന്റില്‍ ഞായറാഴ്ച രാത്രി 8.45-നായിരുന്നു അന്ത്യം. ദീര്‍ഘകാലമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ചികിത്സയിലായിരുന്നു. മരണസമയത്ത് മകന്‍ രാജീവ്, മരുമകള്‍ സരിത, സഹോദരി അമ്മിണി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് .

മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന പിന്നണിഗായകനായ ഉദയഭാനു അവസാന നാളുകളില്‍ പോലും സംഗീതരംഗത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു. പിന്നണിഗാനാലാപനം മതിയാക്കിയശേഷം അദ്ദേഹം തുടങ്ങിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംരംഭവും ഉദയഭാനു ഫൗണ്ടേഷനും മലയാളത്തിലെ സാംസ്‌ക്കാരിക രംഗത്ത് സജീവമായിരുന്നു.

പാലക്കാട് ജില്ലയിലെ തരൂരില്‍ എന്‍.എസ്.വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ജൂണ്‍ ആറിനാണ് ഉദയഭാനു ജനിച്ചത്. സ്വാതന്ത്ര്യസമര നേതാവും 'മാതൃഭൂമി' സ്ഥാപകനുമായ കെ.പി.കേശവമേനോന്റെ അനന്തിരവന്‍ കൂടിയാണ് ഉദയഭാനു. പിതാവ് സിംഗപ്പുരില്‍ ബിസിനസ് നടത്തിയിരുന്നതിനാല്‍ ഉദയഭാനുവിന്റെ കുട്ടിക്കാലം അവിടെയായിരുന്നു. ഏഴുവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. 1944-ല്‍ സഹോദരങ്ങള്‍ക്കൊപ്പം തരൂരില്‍ തിരിച്ചെത്തി. കല്‍പ്പാത്തിയിലെ ത്യാഗരാജ സംഗീതസഭയില്‍ ചേര്‍ന്ന ഉദയഭാനു ഓടക്കുഴലില്‍ കൃഷ്ണയ്യരുടെയും മൃദംഗത്തില്‍ പാലക്കാട് മണി അയ്യരുടെയും വായ്പ്പാട്ടില്‍ എം.ഡി.രാമനാഥന്റെയും ശിഷ്യനായി. 1955-ല്‍ കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറായി.

സംഗീത സംവിധായകന്‍, മുഖ്യമന്ത്രി കെ.കരുണാകരന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നീ നിലകളിലും ഉദയഭാനു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ വിജയലക്ഷ്മി 2007-ല്‍ അന്തരിച്ചു. ഏറിയസ് ട്രാവല്‍സ് ഏജന്‍സി ഉടമ രാജീവ് മകനാണ്. സരിതയാണ് മരുമകള്‍
.